Monday, 17 June 2013

വാവക്കാട്


ഇന്നും ഒരു പ്രത്യേക സുഖം തന്നെയാണ് വാവക്കാടെന്ന ആ കൊച്ചുഗ്രാമം തരുന്നത്. പറവൂര് കൊടുങ്ങല്ലൂര് റൂട്ടില് നിന്നും ചകിരിയുടേയും ഓലകളുടേയും ഗ്രാമങ്ങള് പിന്നിട്ട് ഇടത്തേക്ക് തിരിയുമ്പോള് കാണാം നമുക്കീ സ്നേഹതീരം. അവിടെ ഞാനെങ്ങിനെയാണെത്തിപ്പെട്ടതെന്നല്ലേ? ലോ കോളേജിലെ എന്.എസ്.എസ് ദശദിന ക്യാമ്പിനായി മൂന്നാം വര്ഷത്തില് തിരഞ്ഞെടുത്തത്വാവക്കാടായിരുന്നു. കടുങ്ങല്ലൂരിനടുത്താണ് ഈ സ്ഥലമെങ്കിലും പാലക്കാട് പോലെ ഏതോ വലിയ കാട്ടിലാണെന്ന് നിനച്ചാണ് അന്നുവരെ കഴിഞ്ഞത്. എറണാകുളത്ത് നിന്നും ബസ്സില് കയറിയപ്പോഴതാ അത് ആലുവ റൂട്ടിലേക്കോടുന്നു, പിന്നെ തിരിഞ്ഞ് പറവൂര്ക്കും.

പത്ത് ദിവസം ഉമ്മച്ചിയുടെ ഭരണപ്രദേശത്ത് നിന്നും നീങ്ങി അടിച്ചു പൊളിക്കാമെന്ന മോഹവുമായി ബസ്സില് കയറിയപ്പോള് വേണ്ടിയിരുന്നില്ല എന്നു തോന്നി. ഇതിപ്പോള് ഉമ്മച്ചിയുടെ വിളിപ്പാടകലെ തന്നെ. ”ഇവിടെയാണ് സ്ഥലമെങ്കില് ഞാനിറങ്ങിപ്പോകുന്നു.” ഞാനെന്ടെ വലിയ ബാഗ് തപ്പി. അവിടെയിരിക്കെന്ടെ കൊച്ചേ, അടുത്തിരുന്ന രാജു പിടിച്ചിരുത്തി.

എന്ടെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും കൊഴിച്ചു കൊണ്ട് ബസ് കടുങ്ങല്ലൂരിനടുത്തുള്ള എടയാര് വഴി പോയികൊണ്ടിരുന്നു. പോയി പോയി അതൊരു ഇടത്തേ വഴിയിലേക്ക് തിരിഞ്ഞപ്പോള് മനസ്സിലെന്തോ ഒരു കുളിര്മ. പൂഴിമണ്ണും ഓലക്കുളവുമെല്ലാം കണ്ടപ്പോള് കുഞ്ഞുന്നാളിലെവിടെയോ വീണുപോയ ഒരു ഇലഞ്ഞിപ്പൂവിന്ടെ നൊമ്പരം കാതുകളില് വീണു. ഇരുപതു വര്ഷങ്ങള്ക്കപ്പുറമുള്ള പാനായിക്കുളവും പൂഴിമണ്ണുള്ള റോഡും അംബികയുടേയും ദേവികയുടേയും വീട്ടിലെഇലഞ്ഞി മരവും കടുങ്ങല്ലൂരിലെ റോഡുകള്ക്കരികിലെ നിരനിരയായ ചെമ്പരത്തിപ്പൂവുമെല്ലാം ഓര്മ്മയിലോടിയെത്തി. ഇന്നവിടെ ചെമ്പരത്തിപ്പൂവും വേലിയുമില്ല. നിറയെ ഇഷ്ടികകളങ്ങള് മാത്രം. പൈമറ്റത്ത് കിട്ടാത്ത കുരങ്ങന് മൈലാഞ്ചിയാല് സമ്പന്നമായ കടുങ്ങല്ലൂരിനെ കുറിച്ചോര്ത്ത് അസൂയ തോന്നുമായിരുന്നു അന്നെല്ലാം. ഉടുപ്പു മുഴുവന് ചീത്തയാക്കികയ്യിലേയും കാലിലേയും നഖത്തിലെല്ലാം കുരങ്ങന് മൈലാഞ്ചി തേച്ച് സുന്ദരിയായി ബാക്കി വന്ന തൊണ്ടിന്ടെ മണം ആര്ത്തിയോടെ വലിച്ചെടുക്കുമ്പോള് തല്ലാനിരിക്കുന്ന വാപ്പിച്ചിയും ഉമ്മച്ചിയുമെല്ലാം പുല്ലായിരുന്നു.

അവിടെ കളിക്കാന് ലുബിനയും ഹഫ്സയുമുണ്ട്. ഇഷ്ടം പോലെ പൂമ്പാറ്റയും ബാലരമയുമുണ്ട്. മഹാഭാരതവും രാമായണവും മുഴുവന് പറഞ്ഞു തരാന് പൂമ്പാറ്റ അമര് ചിത്രകഥയുണ്ട്. ചെറുപ്പത്തില് ഏറ്റവും കൂടുതല് പൂമ്പാറ്റകണ്ടിട്ടുള്ളത് ബ്ലോഗിലെ മറിയത്തിന്ടെ വീട്ടിലാണ്. ഏത്തപ്പറമ്പില് വന്നാല് ആരും കാണാതെ ഓടി തെക്കേയിലെ തെക്കേ മുറിയിലെത്തും. ഈ പൂമ്പാറ്റകളെ മുഴുവന്നോക്കി ഞാന് ദീര്ഘനിശ്വാസമിടും.

അവസാനം അഭിമാനം പണയം വെച്ച് ചോദിക്കും. “എനിക്കൊരെണ്ണം വായിക്കാന് തരുമോ അനൂ.” മിക്കവാറും ഫാസിലാണ് ഉത്തരംപറയുക.“ തരാം , ഇവിടെയിരുന്ന് വായിച്ചോ. ഓരോന്നോരോന്ന് എടുത്ത് വായിച്ച് അവിടെ തന്നെ വെച്ചിട്ട് അടുത്തതെടുത്തോ”. എടാ, ഇവന്ടെയൊരു ഗമ. ഞാന് മനസ്സില് പറയും. “ മോനേ, എന്ടെ വാപ്പിച്ചിക്കും പൈസയുണ്ടാകും. ഇതുപോലെ പൂമ്പാറ്റയും പുസ്തകങ്ങളും വാങ്ങിത്തരാന്.” എന്ടെ വാപ്പിച്ചിക്ക് പൈസയുണ്ടായില്ല എല്ലാ പുസ്തകങ്ങളും വാങ്ങിത്തരാന്. എന്നാലും എനിക്ക് കുറേ നല്ല നല്ല പുസ്തകങ്ങളും രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകളുമൊക്കെപറഞ്ഞു തന്നിരുന്നു. എന്നെ കണക്ക് പഠിപ്പിച്ച് ക്ലാസ്സില് ഒന്നാമതെത്തിച്ചിരുന്നു. വാപ്പിച്ചിയെ കുറിച്ചോര്ത്തപ്പോള് കണ്ണീരു വന്നു. “കരയല്ലെ കൊച്ചേ, എന്ടച്ഛനും മരിച്ചുപോയതാ. സങ്കടം വരുമ്പോള് ഫിറ്റാകുക അത്ര തന്നെ.” അടുത്തിരുന്ന് രാജു പറഞ്ഞു.

ബസ് വാവക്കാടെത്തി. എല്ലാവരും ഇറങ്ങി. ഒരു ടീച്ചറിന്ടെ വീട്ടിലാണ് ഞങ്ങള് താമസിക്കേണ്ടത്. സരോജ ടീച്ചറും മീരയും ഞാനുമെല്ലാം ഒരേ മുറിയിലാണ്. റോജിയും സംഘവും അടുത്ത മുറിയില്. ലോ കോളേജിലെ റാഗിംഗ് വീരത്തികളാണ്, റോജിയും സംഘവും.

ആദ്യത്തെ ദിവസം സ്കൂള് വൃത്തിയാക്കലായിരുന്നു. അതൊരുവിധം പൂര്ത്തിയാക്കി. വൈകുന്നേരമായാല് ആണ്കുട്ടികള് പട്ടയടിക്കും. പിന്നെ വാളു വിടും. പട്ട മോഹന് ദാസായിരുന്നു ലീഡര്. പുള്ളിക്കാരന് അവാര്ഡെല്ലാം കിട്ടിയിട്ടുണ്ട്. വൈലോപിള്ളിയെക്കുറിച്ച് നിരൂപിച്ചതിന്.

അന്ന് ചോറും കറികളും വെച്ച കലവും ചട്ടിയുമെല്ലാം തേച്ചു കഴുകലായിരുന്നു എന്ടെ പ്രധാന ജോലി. ഉണ്ട പാത്രം അന്നേ വരെ കഴുകാത്തതിന് എന്ടെ ഉമ്മച്ചിയുടെ ശാപമാണെന്ന്മനസ്സില് കരുതി ഞാന് തേച്ചു കൊണ്ടേയിരുന്നു. അപ്പോഴതാ ഫറൂഖ് ഓടിയെത്തുന്നു.”ഞാന് സഹായിക്കാടോ”. ചുറ്റില് നിന്നും സരോജ ടീച്ചറടക്കം എല്ലാവരും കമന്ടുമായി വന്നു.കഴിഞ്ഞ നാല് വര്ഷമായി എന്.എസ്.എസ്.ക്യാമ്പില് കഴിക്കുക എന്നതല്ലാതെ ദേഹമനക്കാത്ത ഫറൂഖിതാ നിന്നു കലം കഴുകുന്നു.“ ഇയാളിതൊറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ടാ.” അയാള്പറഞ്ഞു.

കലമെല്ലാം കഴുകി കഴിഞ്ഞപ്പോഴേയ്ക്കും കലാപരിപാടികള് അവസാനിക്കാറായിരുന്നു. അതാ, ഒരു കവിത കേള്ക്കുന്നു. മുഖം പോലും കഴുകാതെ കേട്ട ദിക്കിലേക്കോടി. വെളുത്ത് മെലിഞ്ഞ് താടിയുള്ള ഒരു ചെറുപ്പക്കാരനാണ് കവിത ചൊല്ലുന്നത്. ആര് കവിത ചൊല്ലിയാലും കരയാറുള്ള ഞാന് അത് കേട്ട് നിന്ന് കരഞ്ഞു. അയാള് സ്റ്റേജില് നിന്നിറങ്ങി. ഒന്നും നോക്കിയില്ല. പുറകേ വെച്ചു പിടിച്ചു. രാത്രി പതിനൊന്നുമണിയായിക്കാണും. “ഒന്നുകൂടി ചൊല്ലാമോ ആ കവിത”. അയാള് ചൊല്ലി. ഞാനെഴുതിയ കവിത ഞാനും ചൊല്ലി. അയാള് എന്നോട് ആ കവിത ആവശ്യപ്പെട്ടു.

ട്യൂണ് ചെയ്ത് പിറ്റേ ദിവസം സ്ടേജില് ചൊല്ലാനാണത്രേ. ഞാന് റൂമില് പോയി ഡയറി എടുത്ത് കൊടുത്തു. സമയം പോയതറിഞ്ഞില്ല. അയാള് കവിത ചൊല്ലി. ഞാന് കേട്ടുകൊണ്ടേയിരുന്നു.ഇതേ സമയം എല്ലാവരും എന്നെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഞങ്ങളൊരു തെങ്ങിന് ചുവട്ടിലായിരുന്നു.

അവസാനം ഹരി വന്നു നോക്കുമ്പോള് ഞാന് കവിതയില് ലയിച്ചിരിക്കുന്നു.അയാള് പട്ടയിലും. അന്ന് ഹരി കുറേ ചീത്ത പറഞ്ഞു. ഡയറി അയാളില് നിന്ന് തിരിച്ച് വാങ്ങി. കലങ്ങളെല്ലാം ഒറ്റയ്ക്ക് കഴുകി തീര്ത്തതിനാലും സ്കൂള് വൃത്തിയാക്കലില് എന്ടെ പ്രകടനത്തില്നാട്ടുകാര് റെക്കമെന്ട് ചെയ്തതിനാലും പിറ്റേ ദിവസത്തെ ‘ഡേ ആപ്പീസറായി” എന്നെ ഡിക്ലയര് ചെയ്തുവത്രേ ഇതിനിടയില്. പക്ഷേ ഞാനാ സുഹൃത്തിന്ടെ കവിതയിലായിരുന്നു. പേരു പോലും പറയാതെ പോയ പ്രിയ സുഹൃത്തേ, നീ ഇപ്പോഴും വാവക്കാടുണ്ടോ?

Wednesday, 1 May 2013

മരണ വേദനയും പ്രസവ വേദനയും...............







ഉമ്മച്ചി പറയാറുണ്ട്‌,  പ്രസവ വേദന മരണ വേദനയെക്കാൾ ഭീകരമാണെന്നു. ഒരു സ്ത്രീ പ്രസവത്തോടെ മരിക്കുകയാണെങ്കിൽ അവൾ
 സ്വർഗത്തിൽ പോകുമത്രേ. ഇതൊക്കെ കേട്ടതിനാലോ എന്തോ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു. പക്ഷേ എനിക്കൊരു കുട്ടിയെ വേണം. സാമ്പത്തികമായി തുലോം പിന്നോക്കാവസ്ഥയിലുള്ള  കൂലിപ്പണിക്കാരന്റെ മകള്ക്കാര് കുട്ടിയെ ദത്തു തരും. രണ്ടു മൂന്നു ബിരുടമുണ്ടെങ്കിലും ഒരു ജോലി പോലുമില്ല. എനിക്ക് വട്ടാണ്‍. പഠിക്കാൻ എനിക്ക് വട്ടുണ്ടായിരുന്നില്ല. ഒന്നാം ക്ലാസോടെ മാര്ക്ക് വാങ്ങാൻ അതൊരു പ്രശ്നമായിരുന്നില്ല. പരീക്ഷ എഴുതി പൂര്ത്തിയാക്കാൻ മരുന്ന് മൂലമുള്ള  വിരലിന്റെ വിറയൽ അനുവദിക്കാരുണ്ടായിരുന്നില്ല. എങ്കിലും ഒരു ജോലി എന്ന സ്വപ്നം മറ്റെല്ലാവരെയും പോലെ എന്നെയും പഠിപ്പിച്ചു.


പഠിക്കാൻ തുടങ്ങിയ കാലം മുതൽ നാണക്കേടുമായി മുന്നിലുല്ണ്ടായിരുന്നു, സംവരണം. കഴിവില്ലായ്മയുടെ ഒന്നാമത്തെ അടയാളമായി അതെല്ലായിടത്തും പിന്തുടർന്നു. അങ്ങിനെയാണ്, വക്കീലാകാൻ തീരുമാനിച്ചത്. വക്കീലിന് വാക്സാമാര്ത്യവും കഴിവും വേണമെന്നും നാവിലാര്ക്കും സംവരണം വിളമ്പി തരാൻ കഴിയില്ലെന്നുമോക്കെയായിരുന്നു അന്നത്തെ ധാരണ. ഇന്ത്യൻ രാഷ്ട്രീയം  പോലെ പിന്തുടർച്ചാവകാശം ആണ് വക്കീൽ ജോലിയെന്ന് എല്ലാവരും പറഞ്ഞെങ്കിലും എനിക്കതൊരു മിഥ്യ ആയിരുന്നു. ആദ്യമായി ശമ്പളം തന്നപ്പോൾ കേരളാ ഹൈക്കൊടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജൂനിയർ ഫീസ്‌ വാങ്ങിയ വക്കീൽ താനായിരിക്കും, താനാണ് എന്ന് പറഞ്ഞ എന്റെ സീനിയർ മഹാമാനസ്കനായിരുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ എനിക്കാദ്യം കിട്ടിയ ജൂനിയര് ഫീസ്‌ ആറായിരം രൂപയായിരുന്നു.


അഭിമാനത്തോടെ, ആഗ്രഹത്തോടെ, അതിലേറെ സ്വപ്നത്തോടെ, കേവലമൊരു ജോലിക്കു വേണ്ടിയല്ലാതെ ഞാൻ നേടിയ എന്റെ വക്കീൽ ജോലിയും പോയി. എനിക്ക് വീണ്ടും ഭ്രാന്തായി.


കഞ്ഞി കുടിക്കാൻ വകയില്ല, പിന്നെയല്ലേ കുഞ്ഞിനെ ദത്തെടുക്കുക. ഇനിയെന്ത് എന്നാലോചിച്ചു നടന്നപ്പോഴാണ് ഒരു കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ഇനിയും പഠിക്കുന്നതിൽ അർത്ഥമില്ല. അങ്ങിനെ ഇന്ടര്നേറ്റുവേളി  കഴിച്ചു. സൌദിയിൽ പോകും മുമ്പേ തീരുമാനിച്ചു, ആദ്യം തന്നെ ഒന്ന് പ്രസവിക്കുക. അമ്മയാകണം. സ്ത്രീയാകണം. ഈ സ്ത്രീത്വം ഒന്ന് മനസ്സിലാക്കണം.


പ്രസവിക്കുക, കുഞ്ഞിനെ വളര്ത്തുക, അമ്മയാകുക, കുടുംബിനിയാകുക, ഇതെല്ലാം എന്റെ മാത്രം സങ്കൽപ്പങ്ങൾ ആയിരുന്നു. ഭർത്താവദ്ദേഹത്തിനു ഇതിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു,  "You are a baby, You don't need a baby".

പക്ഷേ ഇന്ത്യൻ -ഇസ്ലാം സ്ത്രീത്വ സങ്കല്പങ്ങളെ മുഴുവൻ വിമർശിച്ചു നടന്ന ഞാനെങ്ങനെ സ്ത്രീത്വം അറിയാതെ  പോകും. അങ്ങിനെ സൗദിയിൽ എത്തിയ ഉടനെ ഗർഭിണിയായി. നേരം വെളുത്ത് എഴുന്നേറ്റ് പല്ല് തേക്കുമ്പോൾ കുറച്ച് വിഷമവും നാട്ടിൽ നിന്ന് കൊണ്ട് പോയ വസ്ത്രങ്ങൾ പാകമല്ലാത്ത വിഷമവുമല്ലാതെ കാര്യമായ പ്രയാസങ്ങൾ ഒന്നും ഗർഭാവസ്ഥയിൽ ഉണ്ടായില്ല.


ഏഴാം മാസത്തിൽ പ്രസവത്തിനായി നാട്ടിലേക്ക് പോന്നു. ഭര്ത്താവ് കാലു പിടിച്ചു പറഞ്ഞു, ഞാൻ നോക്കിക്കോളാം, ആരെയെങ്കിലും നിർത്താം, വീട്ടില് നിന്ന് ഉമ്മയെ വരുത്താമെന്നൊക്കെ. ഞാനെങ്ങിനെ സമ്മതിക്കും. പ്രസവം, മരണ തുല്യമാണ്. മരിച്ചു പോയാൽ എന്നെ കടുങ്ങല്ലൂർ പള്ളിയിൽ മറവു ചെയ്യണം . അതിനാൽ ഞാൻ നാട്ടിലേക്കു പോന്നു.

നാട്ടിലെത്തിയ അന്ന് മുതൽ നാലും അഞ്ചും മണിക്കൂർ തുടര്ച്ചയായി ചാറ്റ് ചെയ്യാറുണ്ട്.  കൃത്യം എട്ടു മാസം തികഞ്ഞ അന്നും പതിവ് പോലെ ചാറ്റ് ചെയ്തു.  പകൽ  ഡോക്ടറെ കാണാൻ ചെന്നപ്പോൾ നടക്കണമെന്ന് പറഞ്ഞതിനാൽ ആലുവ മുഴുവൻ രണ്ടു പ്രാവശ്യം കറങ്ങി. ഫെഡരൽ ബാങ്ക് നാലാം നില നടന്നു കയറി. എന്തായാലും പതിനൊന്നു മണിയായപ്പോൾ കാലിലും നടുവിലും അസാധാരണമായൊരു വേദന. ഉമ്മച്ചി വീട്ടിലില്ല. ഏതോ മരണാവശ്യത്തിനു പോയ എളാപ്പയുടെ കുട്ടിക്ക് കൂട്ടിരിക്കാൻ പോയി. ഞാൻ ഒരു അമ്മായിയെ വിളിച്ചു ചോദിച്ചു.


ലക്ഷണങ്ങൾ പറഞ്ഞപ്പോൾ പുള്ളിക്കാരി പേടിപ്പിച്ചു, ഇനി നോക്കിയിരിക്കണ്ട, സക്കീനാ, ആശുപത്രിയിൽ ഉടനെ പൊയ്ക്കോ. എനിക്ക് പേടിയായി, പടച്ചവനേ, ഞാൻ പ്രസവിക്കാൻ പോകുകയാണോ ? ടാക്സിക്കാരന്റെ നമ്പർ ഉണ്ടായിരുന്നു. ഉടനെ വിളിച്ചു, ഉമ്മച്ചിയെ വിളിപ്പിച്ചു, അനിയത്തിയും യാത്രയായി. വണ്ടി കിടക്കുന്ന റോഡ്‌ വരെ ഇടവഴിയാണ്.


ഞാൻ മനസ്സില് കരുതി ഉറപ്പിച്ചു. പ്രസവം മരണ തുല്യമാണ്. ഞാൻ തിരിച്ചു വരുന്നതെങ്ങിനെയെന്നറിയില്ല. അസ്മാഉൽ ഹുസ്ന (അല്ലാഹുവിന്റെ നൂറ് പേര് ) കാണാതെ അറിയാം. അത് ചൊല്ലാൻ തുടങ്ങി. ഈ ലോകം ഞാൻ മറന്നു. എന്റെ മരണം ഞാൻ സ്വപ്നം കണ്ടു.


കാറ് നിന്നത് കെ. എം. കെ യുടെ മുംബിലാണെന്നു തോന്നുന്നു. മാസം തികയാത്തത് കൊണ്ട് അവർ മെഡിക്കൽ സെന്റരിലേക്കയച്ചു. രണ്ടു നഴ്സുമാർ കൂടെ വന്നു, അവർ പിറുപിറുക്കുന്നു, വയസ്സും മുപ്പത്തോന്നായി, complicated  ആണു. കൂട്ടിന് ഒരു ആണ്‍ തുണ പോലുമില്ല.

 മെഡിക്കൽ സെന്റരെത്തി. അപ്പോഴേക്കും രാത്രി രണ്ടു മണിയായി. ഡോക്ടർ വരണമെങ്കിൽ അര  മണിക്കൂർ എടുക്കും. എന്നോട് ശ്വാസം അമര്ത്തിപ്പിടിച്ചു കിടക്കാൻ പറഞ്ഞു. ഉമ്മച്ചി കയ്യിലെ വളയും മോതിരവുമെല്ലാം നേര്ച്ച്ച നിരന്നു. അനിയത്തി അടുത്തിരുന്നു തല തടവി മന്തിരിക്കുന്നു. ഞാൻ എല്ലാം മറന്നു മരണ വേദനയും പ്രതീക്ഷിച്ചു അസ്മാഉൽ ഹുസ്ന ചൊല്ലികൊണ്ടേ കിടന്നു.

അവസാനം ഡോക്ടർ വന്നു. ലേബര് റൂം റെഡി ആയി. പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ എന്നോട് ശ്വാസം വിടാൻ പറഞ്ഞു. റൂമിലേക്കൊന്നും കയറ്റേണ്ടി വന്നില്ല. ഞാൻ മരണ വേദന പ്രതീക്ഷിച്ചു കിടന്നു. അപ്പോളതാ കുഞ്ഞിന്റെ കരച്ചിൽ കേള്ക്കുന്നു. ഞാൻ അടുത്താരെങ്കിലും പ്രസവിച്ചതാകുമെന്നു കരുതി തല തിരിച്ചു കണ്ണു തുറന്നു നോക്കി. ഉമ്മച്ചിയുടെ കയ്യിൽ വലിയ കണ്ണുള്ള ഒരു കുഞ്ഞ്.  ഞാൻ പ്രസവിച്ചോ? അപ്പോൾ മരണ വേദന. എന്തായാലും പ്രസവിച്ചു. നോർമലായിരുന്നു. പക്ഷേ സർട്ടിഫിക്കറ്റിൽ അവർ സിസേറിയാൻ എന്നെഴുതി തന്നു.


മാനസിക വേദനയും അവഗണനയുടെ വേദനയും ഒരുപാടനുഭാവിച്ച്ചത്  കൊണ്ട് അല്ലാഹു നിനക്ക് പ്രസവേദന തന്നില്ലെന്നു കൂട്ടിയാൽ മതി. അതല്ലെങ്കിൽ നീ അല്ലാഹുവിനെ വിളിച്ചതിന്റെ തീവ്രത കൊണ്ട്. ഉമ്മച്ചി പറഞ്ഞു.


അറിയില്ല, മരണ വേദന എങ്ങിനെ ആണെന്ന്, ശരീരവും ആത്മാവും തമ്മിലുള്ള വേർ പിരിയലാണു മരണം. ഓരോ നിമിഷവും അവർ പരസ്പരം പറയുമത്രേ " എന്റെ റൂഹേ, എന്റെ തടിയേ, നമ്മൾ തമ്മിൽ പിരിഞ്ഞാലുള്ള അവസ്ഥ എന്തെന്നു". ഇസ്ലാമിൽ മരണവും മരണാനന്തരവും ഭീകരമാണു.


ഒരമ്മയ്ക്ക് കുഞ്ഞ് ആത്മാവിന്റെ ഭാഗമാണു. അല്ലെങ്കിൽ ആത്മാവ് തന്നെയാണു. അത് ശരീരത്തിൽ നിന്ന് വേര്പിരിയുന്ന നിമിഷമായതിനാലാവാം പ്രസവം മരണ തുല്യമാകുന്നതു.  അല്ലാഹുവേ, പ്രസവ വേദന നീ ഇല്ലാതാക്കിയത് പോലെ നീ മരണവേദനയും എനിക്കന്യമാക്കണേ .


ഇന്നെന്റെ പൊന്നോമന മകന്റെ കണ്‍ പോളയിലൊരു തടിപ്പ് വന്നെന്നു കേട്ടപ്പോൾ ദൂരെയിരുന്നെന്റെ മനസ്സെത്ര ഉരുകിയെന്നു നിനക്കറിയാമല്ലോ?

നഴ്സ്  പറഞ്ഞു, എന്ത് സ്നേഹം ഉള്ള ഭര്ത്താവ്, അദ്ധേഹം അത്ര നേരവും ഫോണിൽ വിശേഷം തിരക്കി കൊണ്ടേയിരുന്നു. ഏ. സി റൂമും സൌകര്യങ്ങളെല്ലാം നല്കാൻ പറഞ്ഞു. അങ്ങിനെ പ്രസവ ശേഷം ഏ.സി റൂമിലേക്ക്‌  മാറ്റി.

രാവിലെ  ഭര്ത്താവ് വിളിച്ച് പറഞ്ഞു, " Give his name as ASIM ABDUL KHADEER. ASIM MEANS PROTECTOR. HE WILL PROTECT YOU EVEN IF I AM NOT THERE". അങ്ങിനെ തന്നെ സംഭവിച്ചു.

 ഞാൻ അമ്മയായി. കദീർ അച്ഛനും. മാതൃത്വം സത്യമെന്നും പിതൃത്വം മിഥ്യ എന്നും ഞാൻ കേട്ട വരികൾ സത്യമായിരുന്നോ? കദീർ ആസിമിന്റെ പേരിലുണ്ട്, കഴിഞ്ഞ പത്തു വര്ഷമായി കൂടെയില്ല........